Total Pageviews

Friday, 19 August 2011

ക്‌ളാസ്മുറി ഖദറണിഞ്ഞു; പാഠം പഠിക്കാന്‍ മന്ത്രിമാര്‍


കോഴിക്കോട്: 'ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ തലയിലേറ്റരുത്. ഏറ്റെടുക്കുന്ന ജോലി നന്നായി ചെയ്യാന്‍ അത് തടസ്സമാകും' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോഴിക്കോട് ഐ.ഐ.എമ്മിലെ മാനേജ്‌മെന്റ് വിദഗ്ധര്‍ നല്‍കിയ ആദ്യ ഉപദേശം അതായിരുന്നു. മന്ത്രിമാരുടെ ഭരണപാടവം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശീലന ക്‌ളാസിന്റെ ആദ്യ സെഷനായിരുന്നു സന്ദര്‍ഭം.

നീണ്ട ഇടവേളക്കുശേഷം കലാലയ മുറിയിലിരുന്നതിന്റെ കൗതുകത്തില്‍ മന്ത്രിമാര്‍ ഒരിക്കല്‍കൂടി 'കുട്ടി'കളായി. ഖദറിട്ട ക്‌ളാസ്മുറി ഐ.ഐ.എമ്മിനും പുതുമയായി.
തലസ്ഥാനത്തെ കോഴിക്കോട്ടേക്ക് പറിച്ചുനട്ട ദിവസമായിരുന്നു വ്യാഴാഴ്ച. മുഖ്യമന്ത്രി ഉള്‍പ്പെടെ 19 മന്ത്രിമാര്‍ ക്‌ളാസ്മുറിക്കകത്ത് അച്ചടക്കത്തോടെ ഇരുന്നു. അസുഖമായതിനാല്‍ ടി.എം. ജേക്കബ് മാത്രം ക്‌ളാസിനെത്തിയില്ല. ക്‌ളാസില്‍ മൊബൈല്‍ ഫോണ്‍ മണിയടിച്ചാല്‍ ആയിരം രൂപ പിഴയൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് കേട്ട് എല്ലാവരും ഫോണ്‍ ഓഫാക്കി. പിന്നെ പുതിയ കാലത്തിനനുസരിച്ച് കേരളത്തെ എങ്ങനെ മാറ്റിമറിക്കാം എന്നതിനെക്കുറിച്ച് രാജ്യത്തെതന്നെ പ്രമുഖരായ മാനേജ്‌മെന്റ് അധ്യാപകരുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ത്തു.
11.45ന് ആദ്യ 'ബ്രേക്കി'ന് പുറത്തിറങ്ങിയ മന്ത്രി സംഘത്തോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം 'ആദ്യ പിരീഡ് എങ്ങനെ? കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ പ്രേരിപ്പിക്കുന്നതാണ് ക്‌ളാസെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കാനും നേരിടാനുമുള്ള പോസിറ്റീവ് ഊര്‍ജം ലഭിച്ചതായി കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ കഠിനാധ്വാനം പാടില്‌ളെന്ന് മുഖ്യമന്ത്രിയോട് ഞങ്ങള്‍ പലതവണ പറഞ്ഞതാണെന്നും ഇപ്പോള്‍ അദ്ദേഹത്തിന് അത് ബോധ്യമായെന്നും കുഞ്ഞാലിക്കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞതിന് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഞാന്‍ ചെയ്യുന്നതുപോലെ ഇടക്കിടെ നില്‍ക്കുന്നത് നല്ലതാണെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.'
അധ്യാപകവിദ്യാര്‍ഥി എന്ന വേര്‍തിരിവുള്ള പരമ്പരാഗത ക്‌ളാസ്മുറിയല്ല ഇവിടത്തേതെന്ന് ഒപ്പമുണ്ടായിരുന്ന കെ.എം. മാണി വ്യക്തമാക്കി. അനുദിന ജീവിതത്തില്‍ മന്ത്രിമാര്‍ എങ്ങനെ ജനങ്ങളുമായി ഇടപഴകണമെന്നും സമ്മര്‍ദം കുറച്ച് മാനസികവും ശാരീരികവുമായ ഉണര്‍വോടെ എങ്ങനെ ജോലിചെയ്യാമെന്നുമാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ക്‌ളാസ് ആയി തോന്നിയില്‌ളെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. ആശയങ്ങള്‍ കൈമാറുകയും ചര്‍ച്ച ചെയ്യുകയുമാണ് ചെയ്തത്. നോട്‌സൊന്നും എഴുതിയില്‌ളെന്ന പരിഭവമായിരുന്നു സംഘത്തിലെ ഏക വനിതയായ പി.കെ. ജയലക്ഷിക്ക്. പ്രായോഗികമായി ഏറെ പ്രയോജനം ചെയ്യുന്നതാണ് ക്‌ളാസെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇതിനിടെ ആരോ ഇന്റര്‍വെല്‍ കഴിഞ്ഞെന്ന് പറഞ്ഞതോടെ എല്ലാവരും ക്‌ളാസിലേക്ക് ഓടി. വൈകിയാല്‍ അതിനും പിഴയുണ്ട്. കിട്ടിയ പത്തുമിനിറ്റില്‍ മൊബൈല്‍ ഫോണ്‍ ചെവിയിലടുപ്പിച്ചവരും അത് സെക്രട്ടറിമാര്‍ക്ക് കൈമാറി ക്‌ളാസ്മുറിയിലേക്ക് നീങ്ങി.

'തുറക്കാത്ത സമ്മാനംപരിവര്‍ത്തനത്തിന് ഉള്‍ക്കാഴ്ചയോടെയുള്ള ഭരണം' എന്ന് പേരിട്ട ശില്‍പശാലയില്‍ പ്രഫ. ദേബാശിഷ് ചാറ്റര്‍ജിക്ക് പുറമെ പ്രഫസര്‍മാരായ സജി ഗോപിനാഥ്, കെ. ഉണ്ണികൃഷ്ണന്‍ നായര്‍, സ്ഥാനു നായര്‍,അഭിലാഷ് നായര്‍, ഖുല്‍ബുഷന്‍ ബലൂനി, എസ്.എസ്.എസ്. കുമാര്‍, ജോഫി തോമസ്, ദേവബ്രത ചാറ്റര്‍ജി തുടങ്ങിയവര്‍ ക്‌ളാസെടുത്തു. പൊതു വിഷയങ്ങള്‍ക്ക് പുറമെ കൃഷി, അടിസ്ഥാന സൗകര്യം, പരിസ്ഥിതി, നിക്ഷേപം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളും നടന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ചന്ദ്രജിത് ബാനര്‍ജി, 'ഫാക്ട്' മുന്‍ ചെയര്‍മാന്‍ ടി.ടി. തോമസ്, നാരായണ ഹൃദയാലയ സ്ഥാപകന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി എന്നിവരുമായും മന്ത്രിസഭാ അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.
പഠിതാക്കള്‍ക്ക് എത്ര മാര്‍ക്ക് നല്‍കാമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 90ന് മുകളില്‍ എന്നായിരുന്നു ഐ.ഐ.എം ഡയറക്ടറുടെ മറുപടി. വൈകീട്ട് അഞ്ചരക്ക് ക്‌ളാസ് കഴിഞ്ഞ് പുറത്തുവന്ന 'മന്ത്രി വിദ്യാര്‍ഥികളു'ടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസം. ഇതെല്ലാം നേരത്തേ പഠിച്ചിരുന്നെങ്കില്‍ ഒന്നു കസറാമായിരുന്നു എന്ന ഭാവമായിരുന്നു പലര്‍ക്കും. 

No comments:

Post a Comment